നിഴൽപ്പാടുകൾ

വെട്ടമറ്റു പോയ്, അന്ധകാരം ചൂഴ്ന്ന
മുറിയിലിനിയില്ല വൈദ്യുതി വിളക്കുകൾ.
തെളിച്ചിടട്ടെന്റെ മൺചരാതിൻ തിരി
ദ്യുതിയുടൊപ്പമതു തീർക്കുന്നു നിഴലുകൾ.

ഞാനറിയുന്ന ഞാനല്ല ഞാനെന്ന
ജ്ഞാനമുള്ളിൽ തെളിയുന്ന വേളയിൽ,
ഉൾച്ചരാത് വരക്കയായ് ഭിത്തിയിൽ
കരിപുരണ്ടൊരു നിഴലായി എന്നെയും.

ഭിത്തിയിൽ നിഴലു തീർക്കും കരിപ്പാടിൽ
എന്നെ ഞാൻ കണ്ടറിയുന്നു വിഹ്വലം!
നിഴൽ വരക്കുന്നു ജീവന്റ നേർപടം
വിഫലനിമിഷങ്ങൾ തന്നുടെ സഞ്ചയം.

ശ്യാമവർണ്ണം വികലം നിരാലംബം
നിസ്സഹായമീ നിഴലെന്നയുണ്മയിൽ,
ഉള്ളിൽ നിന്നും എരിഞ്ഞടങ്ങുന്നൊരീ
മൺചരാതായി മാറുന്നു ഞാൻ, സഖീ.

ആസാമി

കാനകൾ കോരാൻ
ആസാമി
മണ്ണ് കിളക്കാൻ
ആസാമി
ഇഷ്ടിക കെട്ടാൻ
ആസാമി
ഭാരം ചുമ്മാൻ
ആസാമി
പൊറോട്ടയടിക്കാൻ
ആസാമി
പാത്രം മോറാൻ
ആസാമി
മാനം കവരാൻ
ആസാമി
ജീവനെടുക്കാൻ
ആസാമി

പതിവ്

ഇടക്ക് മാത്രം തെളിയുകയും
മിക്കവാറും കണ്ണടച്ചിരിക്കയും
ചെയ്യുന്ന വഴിവിളക്കുകളാണ്
എന്റെ പതിവുകളുടെ പാതകളിൽ

അവിടെ
സംഗീതത്തിനും നിലവിളിക്കുമിടയിലെ
നിശ്ശബ്ദതയും
സൗഹൃദത്തിനും ശത്രുതക്കുമിടയിലെ
നിസംഗതയും
വിരസതയുടെ കരിനിഴൽ വീഴത്തുന്നു.

എങ്കിലും
മഞ്ഞിന്റെ തിരശ്ശീലക്കപ്പുറത്തു നിന്നും
ഇരുളിന്റെ കടൽ താണ്ടി വരുന്ന
തണുത്ത കാറ്റിന്റെ ഉറവിടം തേടി
ഞാൻ നടപ്പ് തുടരുന്നു

നനഞ്ഞ ഉഷ്ണത്തിന്റെ പാളികൾ
വകഞ്ഞ് മാറ്റി
കാറ്റെന്നെ ആശ്ലേഷിച്ച് കടന്ന് പോകുന്നു.

ഒന്‍പതു കോടി

ഒൻപത് കോടിപ്പണത്തിനാലായിടാം
കണ്ണടയും ചെരുപ്പും സ്വന്തമാക്കുവാൻ .

ആ കണ്ണു കണ്ട കാഴ്ചകൾ കാണുവാൻ ,
അവയിൽ നിറഞ്ഞതാം കണ്ണീരറിയുവാൻ ,
ആ കണ്ണട മതിയാവുകയില്ല - നാം
കണ്ണാടി നന്നൊന്ന് വാങ്ങണം നിർണ്ണയം.

ഗുരുവിന്റെ ചിന്തകൾ സ്വന്തമായീടുവാൻ
ആ പാദുകങ്ങളുടെ വഴിയറിഞ്ഞീടുവാൻ
അവക്കടിയിലമർന്ന ധൂളിക്കടിയിലമരുവാൻ
മനസ്സൊരുക്കി തലകുനിച്ചീടണം.(#)

ഈ ചെറുകോപ്പയിൽ നിറഞ്ഞത് ജീവിതം
അന്യനു വേണ്ടി പൊഴിച്ച കണ്ണീർക്കണം
ഇതിനാകയില്ല പട്ടാള വീപ്പകൾ
നിറച്ചൊരാ സുരരസം പേറുവാനറിയുക.(*)

ഒൻപതുകോടി പണമല്ല, പൊള്ളയാം
രാജ്യാഭിമാനാഭാസമല്ലാ ഗുരു.

സഞ്ചാരികൾക്ക് പ്രദർശന വസ്തുവായ്,
പ്രതിമയായ്, നോട്ടിലെ ചിത്രമായൊക്കെ നാം
ഒതുക്കി നിര്‍ത്തുന്നൊരാ പുഞ്ചിരിപ്പൂവിന്റെ
പിന്നിലെ കണ്ണുനീരാകുന്നു ഗാന്ധിജി.

ലാത്തിക്ക്, തോക്കിനും, മുന്നിൽ പരാജയം
അംഗീകരിക്കാത്തൊരാദർശ ധീരത
അധികാരമോഹരാഷ്ട്രീയമല്ലല്ല
ഉള്ളിൽ നിന്നല്ലാത്ത ചിരിയല്ല ഗാന്ധിജി.

സ്വസ്തി ഹേ ഗുരുവര, നിന്നോർമ്മ അണയാത്ത
അഗ്നിയായുള്ളില്‍ തെളിക്കാന്‍ കനിയുക.

(#)"The seeker after truth should be humbler than the dust. The world crushes the dust under its feet, but the seeker after truth should so humble himself that even the dust could crush him. Only then, and not till then, will he have a glimpse of truth." Mahathma Gandhi


(*) മല്ലയ്യയുടെ കമ്പനിയായ യുണൈറ്റട് ബെവറീസ് സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷ് പട്ടാളത്തിന് ബിയറിന്റെ മൊത്തക്കച്ചവടം നടത്തിയിരുന്നു.

ശല്യം

എനിക്കു നല്‍കാനെന്നെ കിട്ടാ-
ഞ്ഞെനിക്ക് നിറയാനെന്നെ തികയാ-
ഞ്ഞുലകിനെയാകെ ഭള്ളു പറഞ്ഞും
നാഴികമണിയെ ചീത്തവിളിച്ചും
മഷിയില്ലാത്തൊരു പേനയുമായി
ഞാനൊരു വാക്കിന്‍ പിറകേ പോകേ
ആരാണവിടെ പാട്ടും കൂത്തും?
ഛേ, ഇതെന്തൊരു ശല്യം!

പൂവിനെയെന്ത് വിളിക്കും ?
മനസ്സില്‍ പൂക്കളമിട്ടാലെങ്ങനിരിക്കും ?
കുഞ്ഞിന്‍ കൊഞ്ചലിലീണമിതെങ്ങനെ ചേര്‍ന്നു ?
ഉത്തരമില്ലാ ചോദ്യക്കയമെ-
ന്നുള്ളാം കന്നിനെ മാടി വിളിക്കെ,
അന്യായക്കെട്ടിന്‍ നാടകളെന്റെ കഴുത്തു കുരുക്കുന്നല്ലോ
ഏട്ടിലെ നിയമം വായും മൂക്കും പൊത്തുന്നല്ലോ!
ഛേ, ഇതെന്തൊരു ശല്യം!

വെയിലൊരു ശല്യം മഴയൊരു ശല്യം
ഒച്ചകള്‍ ശല്യം നിശ്ശബ്ദത ശല്യം.
അലസത ശല്യം തിരക്കുകള്‍ ശല്യം

കവിതകള്‍ ശല്യം ശ്വാസം ശല്യം
ശല്യമൊഴിഞ്ഞൊരു നേരംവേണ്ടെ-
ന്നുള്ളൊരു മോഹം മാത്രമെയുള്ളു
ശല്യമൊഴിഞ്ഞെന്തുണ്ടീയുലകില്‍!

അനിയത്തി വഴക്കിടുന്നു

അനിയത്തി വഴക്കിടുന്നു

എന്റെ അനിയത്തി വഴക്കിടുന്നു.

ബലൂണ്‍ വാങ്ങിക്കൊടുക്കാത്തതിന്,
പൊട്ടാത്ത കുപ്പിവളകള്‍ സമ്മാനിക്കാത്തതിന്,
പുഞ്ചിരിക്കാത്തതിന്, കൂടെ കളിക്കാത്തതിന്,
പാട്ടു പാടാത്തതിന്, കഥപറയാത്തതിന്...

എന്റെ അനിയത്തി വഴക്കിടുന്നു.

ബലൂണ്‍ കണക്കെ ഊതിവീര്‍പ്പിച്ച കനവുകള്‍
യാഥാര്‍ത്ഥ്യത്തിന്റെ സൂചിമുനകൊണ്ട് പൊട്ടിപ്പോയതും
ബുദ്ധിയില്‍ വസന്തമായ തത്വസംഹിതകള്‍
പൊട്ടുന്ന കുപ്പിവളയായതും
അവളുണ്ടോ അറിയുന്നു.

പുഞ്ചിരിയുടെ പുലരി കണ്ണീരിന്റെയിരവായതും
പാട്ടു പഠിപ്പിച്ച കുയിലമ്മ കണയേറ്റു വീണതും
കളി കാര്യമായതും, കഥയിലെ കഥയില്ലായ്മയും
അവള്‍ക്കറിയില്ല...
അതു കൊണ്ട്
എന്റെ അനിയത്തി വഴക്കിടുന്നു.

ഞാനെത്ര കിന്നാരം പറഞ്ഞിട്ടും
അവള്‍ വാശിപിടിച്ച് മുഖം വീര്‍പ്പിക്കുന്നു.
എന്റെ നിശ്ശബ്ദതയില്‍ അവളുടെ വിതുമ്പല്‍.
എന്റെ നിസ്സഹായതയില്‍ അവളുടെ സ്വപ്നങ്ങള്‍.
“നിനക്കു മനസ്സിലാവില്ല” എന്ന ഉത്തരവും
അവള്‍ക്കു മനസ്സിലാവുന്നില്ല
“എനിക്കെല്ലാം മനസ്സിലാവും” എന്ന വിശ്വാസം
എനിക്കും ദഹിക്കുന്നില്ല.
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുന്നിലെ
നിശ്ശബ്ദതയുടെ അര്‍ത്ഥമറിയാതെ
അവള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു
അങ്ങനെ,
എന്റെ അനിയത്തി വഴക്കിടുന്നു.

എന്തു പറഞ്ഞാലവള്‍ക്ക് സമാധാനമാവും?
എന്തു നല്‍കിയാലവള്‍ക്ക് സന്തോഷമാവും?
ഇതെല്ലാം ചിന്തിച്ചിരിക്കാന്‍ എനിക്കും ഇഷ്ടമാണ്.
പക്ഷേ
എന്റെ മുന്നില്‍
നിയമപുസ്തകത്തിന്റെ മറിക്കാത്ത താളുകളും
നാവിന്‍ തുമ്പത്തെ മൊഴിയാത്ത വാക്കും
ഭയവും ഭാരവുമാകുമ്പോള്‍
ഞാനന്ധനാകുന്നു.
അപ്പൊഴും
എന്റെ അനിയത്തി വഴക്കിടുന്നു.

അവള്‍ വഴക്കിടുമ്പോഴാണ്
ഞാനുണ്ടെന്ന് ഞാനറിയുന്നത്.
അവള്‍ ശാഠ്യം പിടിക്കുമ്പോഴാണ്
നിശ്ശബ്ദത ഭഞ്ജിക്കപ്പെടുന്നത്
അപ്പോള്‍ മാത്രമാണ്
ലോകം ശ്വസിക്കുന്നത്.
അതു കൊണ്ട്
എന്റെ അനിയത്തി എപ്പോഴും എന്നോട് വഴക്കിടട്ടെ.

യാത്രാമൊഴി

യാത്രാമൊഴി

അയാള്‍ പടിയിറങ്ങുന്നു.

നമ്മുടെ ജനാധിപത്യം എന്നേ പടിയിറങ്ങി!
നേതാക്കള്‍ നേതാക്കന്മാര്‍ക്കു വേണ്ടി
നേതാക്കന്മാരാല്‍ നിര്‍മ്മിച്ച ഭരണകൂടം

ചെകുത്താനെയോ കടലിനെയോ തിരഞ്ഞെടുക്കാനും
ശവകുടീരത്തിനെ അത്ഭുതമാക്കാനും
നമ്മുക്കധികാരം.

ഇനി സ്വാതന്ത്ര്യദിനം ആഘോഷിക്കരുതേ.

ഇങ്ക്വിലാബ് സിന്ദാബാദ്.